Wednesday, March 23, 2022

ലോക കാലാവസ്ഥാ ദിനം

 




ഇന്ന് ലോക കാലാവസ്ഥാ ദിനമാണ്. പർവ്വതങ്ങളും ധ്രുവങ്ങളും വിയർത്തൊഴുകുന്നു. സമുദ്ര നിരപ്പ് കരകളെ ശ്വാസം മുട്ടിക്കുന്നു. ഭൗമകവചമായ ഓസോൺ പാളികൾ അർബുദ ബാധിതരായി. ശുദ്ധജലം ലഭിക്കാതായി, മഴയുടെ അളവ് കുറഞ്ഞു, ആഗോള താപനത്തിൽ വെന്ത് നീറുകയാണ് ജീവജാലങ്ങൾ. പ്രകൃതിയോടു പടവെട്ടാതെ, മുറിവേൽപ്പിക്കാതെ, സമരസപെട്ട് സൗഹൃദമായി, മണ്ണിന്റെ മക്കളായി നാം മാറണം എന്ന ഓർമ്മപ്പെടുത്തലുമായാണ് ഇത്തവണയും ലോക കാലാവസ്ഥാ ദിനം നമ്മളിലേക്ക് എത്തുന്നത്.

കർക്കിടകത്തിലെ ഇടമുറിയാത്ത മഴ, പൊൻവെയിലിനു വഴിമാറി വസന്തത്തെ വരവേറ്റ് ഓണത്തിനൊരുങ്ങുന്ന ചിങ്ങം, പിന്നെ കടലുവറ്റിക്കുന്ന കന്നി വെയിൽ. ഇടിമിന്നലിന്റെ അകമ്പടിയോടെ തുലാവർഷം. മഞ്ഞും, കുളിരുമായി പതുങ്ങി വരുന്ന ധനു, മകരങ്ങൾ.കൊയ്ത്തു കഴിഞ്ഞ പാടങ്ങളെ പൊള്ളിക്കുന്ന മീന വെയിൽ. മെയ് ഫ്ളവറും വെയിൽ പോലെ കത്തുന്ന നിറത്തിൽ മേടത്തിൽ പൂത്ത് നിൽക്കുന്ന കണിക്കൊന്നയും, ചൂടേറ്റു തളർന്ന ജീവജാലങ്ങൾക്ക് ചെറുകുളിരുമായി കുംഭത്തിലെ വേനൽ മഴ. വേനലും മഞ്ഞും മഴയുമൊക്കെയായി കാലത്തിന് ഇത്തരത്തിലൊരു കൃത്യമായ താളമുണ്ടായിരുന്നു. ഇന്നത് അപ്രത്യക്ഷമായിരിക്കുന്നു. വസന്തവും ഗ്രീഷ്മവും ശരത്തും ശിശിരവുമൊക്കെ അതിന്റെ ക്രമത്തിൽ തന്നെ കടന്നുപോകുമെന്ന് ഒരുറപ്പുമില്ല. ഒപ്പം 2004 ലെ സുനാമിയും 2017 നവംബറിലെ ഓഖി കൊടുങ്കാറ്റും 2018 ആഗസ്തിലും 2019 ആഗസ്തിലും കേരളത്തിൽ പെയ്ത അതിവൃഷ്ടിയും പ്രളയവുമെല്ലാം കാലാവസ്ഥാ മാറ്റത്തിന്റെ ദൃഷ്ടാന്തങ്ങളായി നിൽക്കുന്നു.

2022- ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ സന്ദേശം "നേരത്തെയുള്ള മുന്നറിയിപ്പും നേരത്തെയുള്ള പ്രവർത്തനവും"  എന്നതാണ്. കാലാവസ്ഥ തരുന്ന മുന്നറിയിപ്പുകളെ കരുതിയിരിക്കാനും പ്രകൃതിയോട് കലഹിക്കാതെ ദുരന്തങ്ങളെ തടയാൻ ഇന്ന് തന്നെ പ്രവർത്തിച്ച് തുടങ്ങുവെന്നുമാണ് ലോക കാലാവസ്ഥ സംഘടന മാനവരാശിയോട് ആവശ്യപ്പെടുന്നത്. ജല പ്രതിസന്ധി, വെള്ളപ്പൊക്കം, വരൾച്ച എന്നിവയെ സംബന്ധിച്ച മുന്നറിയിപ്പുകൾ, ശുദ്ധമായ ജലത്തിന്റെ ലഭ്യതക്കുറവ് എന്നിവയിലെല്ലാം ഈ ആശയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.



No comments:

Post a Comment